Sunday, September 4, 2022

സോയ്ചീറോയുടെ ജീവിതം, കഥയല്ല ഒരു സംഭവമാണ്...

 വീഴുന്നതല്ല, മറിച്ച് വീണിടത്ത് നിന്നും 
എഴുന്നേൽക്കാത്തതാണ് യഥാർത്ഥ പരാജയം.
പ്രതിസന്ധികളിൽ പൊരുതുന്നവർക്കുള്ളതാണ്, 
വിജയങ്ങളും നേട്ടങ്ങളും.
* * * * * * * * * * * * * * * * * * * * *t * * * * * * * *
സോയ്ചീറോയുടെ ജീവിതം, കഥയല്ല ഒരു  സംഭവമാണ്
         ജീവിത വഴിയിലെ പ്രശ്നങ്ങളിൽ, തടഞ്ഞു നിൽക്കാത്തവരോ, പ്രതിസന്ധികളിൽ തട്ടി വീഴാത്തവരോ, ആയി ആരും തന്നെയുണ്ടാവില്ല. പക്ഷേ, ചിലർ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതായി കാണുമ്പോൾ ഒരു വലിയ വിഭാഗം  ജീവിക്കാൻ വേണ്ടി മാത്രമുള്ള  ജീവിതസമരത്തിലുമാണ്. പണ്ഡിതനെന്നോ, പാമരനെന്നോ, സമ്പന്നനെന്നോ, ഒരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു തരത്തിലല്ലെങ്കിൽ, മറ്റൊരു തരത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരും, അഭിമുഖീകരിച്ചവരുമാണ് എന്ന യാഥാർത്ഥ്യം, സ്വന്തം പ്രശ്നങ്ങളെ പർവ്വതീകരിച്ച് കാണുന്നവർ മനസ്സിലാക്കിയാൽ പ്രതിസന്ധികൾ വഴി മാറുന്നത് അനുഭവത്തിൽ കാണാം.

ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയവരുടെ ജീവിതം അറിഞ്ഞാൽ  മാത്രമേ, അവർ നേരിട്ട പ്രശ്നങ്ങളുടെ ബാഹുല്യവും, അതിജീവിച്ച പ്രതിസന്ധികളും നടന്നു തീർത്ത കനൽവഴികളും മനസ്സിലാക്കാൻ നമ്മുക്ക് സാധിക്കുകയുള്ളു. അത്തരത്തിൽ ഒരാളാണ് സോയ്ചീറോ.

സോയ് ചീറോ എന്ന ചെറുപ്പക്കാരന്റെ സ്വപ്നം ഏവരെയും പോലെ, ജപ്പാനിലെ  പ്രശ്സ്തമായ ടൊയോട്ട കമ്പനിയിൽ ജോലി നേടുക എന്നതായിരുന്നില്ല. മറിച്ച് ടൊയോട്ട കമ്പനിക്ക് യന്ത്രഭാഗങ്ങൾ നിർമ്മിച്ചു നൽകുന്ന ഒരു കരാറുകാരനാവുക,  അഥവാ  സംരംഭകനാവുക  എന്നതായിരുന്നു.

സ്വപ്ന പദ്ധതിക്കായി, ഭാര്യയുടെ ആഭരണമടക്കം വിറ്റുകിട്ടിയ പണം കൊണ്ട്, കാർ എൻജിന്റെ പിസ്റ്റൺ റിംഗ് എന്ന ഭാഗം നിർമ്മിച്ചു നൽകുന്ന ഒരു പ്ലാൻറ് സ്ഥാപിക്കാൻ അദ്ധേഹത്തിന് കഴിഞ്ഞു. ഇരുമ്പു പണിക്കാരനായിരുന്ന അച്ഛന്റെ ആലയിലെ ജോലി പരിചയം മുതലാക്കി പിസ്റ്റൺ റിംഗുകൾ നിർമ്മിച്ചെങ്കിലും ടൊയോട്ട കമ്പനി നിഷ്ക്കർഷിച്ച  ഗുണനിലവാരം പുലർത്താൻ പലവട്ടം ശ്രമിച്ചിട്ടും സാധിക്കുകയുണ്ടായില്ല..

സംരംഭം പരാജയമായെങ്കിലും,  പിൻമാറാൻ സോയ്ചീറോ ഒരുക്കമായിരുന്നില്ല. രണ്ടു വർഷത്തോളം ലോഹസങ്കരങ്ങളെക്കുറിച്ച്  പോളിടെക്നിക്കിൽ ചേർന്ന്  പഠിച്ച്, പുതിയ രീതിയിൽ  നിർമ്മിച്ച, പിസ്റ്റൺ റിംഗിന്റെ  സാംപിൾ  ടൊയോട്ട കമ്പനി അംഗീകരിച്ചു..

തുടർന്ന് 30,000 റിംഗുകളുടെ ഓർഡർ നേടിയെടുത്ത, സോയ്ചീറോ തന്റെ പ്ലാന്റ് വിപുലപ്പെടുത്തി നിർമ്മാണവും തുടങ്ങി. പക്ഷേ, ആ സമയത്ത്  തന്നെ, ഒരു കാർ റേസിൽ പങ്കെടുത്ത ഡോയ് ചീറോ, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായി.

ആശുപത്രി കിടക്കയിൽ വച്ചാണ് തന്റെ കമ്പനി നിർമ്മിച്ച 30,000 റിംഗുകളിൽ വെറും 3 എണ്ണം മാത്രമേ, ടൊയോട്ട കമ്പനി  ഗുണനിലവാരം പരിശോധിച്ച്   അംഗീകരിച്ചുള്ളു, എന്ന സത്യം സോയ് ചീറോ അറിയുന്നത്.  കമ്പനിയുടെ സാമ്പത്തിക നഷ്ടവും, ഇനിയെന്ത് എന്ന ചോദ്യവും  ഒരു വശത്ത്. മാസങ്ങളോളം നീണ്ടു നിൽക്കുന്ന ചികിത്സയും ആശുപത്രി വാസവും മറുവശത്ത്.. ആരായാലും തളർന്നു പോകുന്ന സാഹചര്യം...

പക്ഷേ ജീവിതവഴിയിൽ വീണുപോയെന്ന് കരുതി, അവിടെ തന്നെ കിടക്കാൻ സോയ്ചീറോ ഒരുക്കമായിരുന്നില്ല. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ധേഹം, നിർമ്മാണത്തിൽ പറ്റിയ പിഴവുകൾ പരിഹരിച്ച്, ടൊയോട്ട കമ്പനിയുടെ ഓർഡർ വീണ്ടും നേടിയെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

മാത്രവുമല്ല, ഏതാനും വർഷങ്ങൾക്കുള്ളിൽ, ടൊയോട്ട കമ്പനി ഉപയോഗിക്കുന്ന പിസ്റ്റൺ റിംഗുകളിൽ, 40 ശതമാനവും സപ്ലെ ചെയ്യുന്ന നിലയിലേക്ക് അദ്ധേഹത്തിന്റെ സ്ഥാപനം  വളർന്നു. 

ഇങ്ങിനെ, കാര്യങ്ങൾ നല്ല രീതിയിൽ പോകുമ്പോഴാണ്, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തിൽ അമേരിക്കൻ വിമാനം  വർഷിച്ച ബോംബ് വീണ് സോയ് ചീറോയുടെ പിസ്റ്റൺ റിംഗ് കമ്പനി തകർന്നു പോയി.  പക്ഷേ വീഴ്ചകളിൽ തളരാത്ത സോയ് ചീറോ, യുദ്ധം കഴിഞ്ഞയുടൻ  മറ്റൊരു നഗരത്തിൽ പുതിയ കമ്പനി സ്ഥാപിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി. 

പക്ഷേ, കഷ്ടകാലം അദ്ധേഹത്തെ വിടാൻ ഒരുക്കമല്ലായിരുന്നു. ഒരു വർഷത്തിനകം തന്നെ, പുതിയതായി നിർമ്മിച്ച  ഫാക്ടറി, ജപ്പാനിലുണ്ടായ  ഭൂകമ്പത്തിൽ തകർന്ന് തരിപ്പണമായി. അവസാനം ഫാക്ടറി സാധനങ്ങൾ എല്ലാം ആക്രി വിലക്ക്,  ടൊയോട്ട കമ്പനിക്ക് നൽകി, കിട്ടിയ കാശുമായി സോയ് ചീറോ സ്വന്തം  ഗ്രാമത്തിലെത്തി. 

സോയ്ചീറോ തളർന്നെന്നും,  തകർച്ച പൂർണ്ണമായെന്നും,  എല്ലാവരും  തന്നെ കരുതി. യുദ്ധാനന്തര മാന്ദ്യത്തിലും, ക്ഷാമത്തിലും പെട്ടുഴലുന്ന ജപ്പാനിൽ, പുതിയ ബിസിനസ്സ് സാദ്ധ്യതകൾ വളരെ കുറവായിരുന്നു.

പക്ഷേ, ജീവിതത്തിൽ വീഴ്ചകൾ സ്വാഭാവികമാണെന്നും, വീണ്ടും എണീക്കാതിരിക്കുന്നതാണ് പരാജയമെന്നും വിശ്വസിച്ചിരുന്ന സോയ് ചീറോ, പ്രതിസന്ധികൾ നൽകുന്ന സാദ്ധ്യതകളിലേക്ക് ശ്രദ്ധയൂന്നി.

പെട്രോൾ ക്ഷാമവും, സാമ്പത്തിക പരാധീനതയും മൂലം, കാറുകൾ ഉള്ള മിക്കവരും സൈക്കിളിലേക്ക് മാറിയ കാലമായിരുന്നു അത്. ഒരു ചെറിയ എൻജിൻ സൈക്കിളിൽ പിടിപ്പിച്ചാൽ, അതിന് വൻ ഡിമാന്റ് ഉണ്ടാവുമെന്ന് കണക്കുകൂട്ടിയ അദ്ധേഹം, അതിനായി  ഒരു കൊച്ചു എൻജിൻ വികസിപ്പിച്ചെടുത്തു. സൈക്കിളിൽ പിടിപ്പിച്ച അവയ്ക്കാകട്ടെ, നല്ല സ്വീകാര്യത ലഭിക്കുകയും ചെയ്തു.

പക്ഷേ, വ്യാവസായികാടിസ്ഥാനത്തിൽ എൻജിൻ  നിർമ്മിക്കാനാവശ്യമായ  ഇരുമ്പിന്റെ ലഭ്യതക്കുറവും, വീണ്ടും ഒരു ഫാക്ടറി നിർമ്മിക്കാനുള്ള  മുതൽ മുടക്കില്ലാത്തതും അദ്ധേഹത്തെ കുഴക്കി.

തളരാൻ തയ്യാറല്ലാത്തവർക്ക് മുൻപിൽ, പ്രതിസന്ധികൾ വഴി മാറും എന്ന വിശ്വാസം മാത്രമാണ്  അദ്ധേഹത്തെ മുന്നോട്ട് നയിച്ചത്.  യുദ്ധകാലത്ത് അമേരിക്കൻ പട്ടാളക്കാർ, നാടെങ്ങും  ഉപേക്ഷിച്ച് പോയ ഗ്യാസോലിൻ ക്യാനുകൾ പെറുക്കിയെടുത്ത്  ഉരുക്കി ഇരുമ്പിന്റെ ലഭ്യതക്കുറവ്, സോയ്ചീറോ  മറികടന്നു.

പിന്നീട് മൂലധനം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു. രാജ്യത്തുള്ള പതിനായിരത്തിൽ പരം സൈക്കിൾ ഷോപ്പുടമകളോട്, തന്റെ പുതിയ സംരംഭത്തിൽ ചെറിയ രീതിയിൽ മുതൽ മുടക്കി പങ്കാളിയാവാൻ, സോയ്ചീറോ ഹോണ്ട അഭ്യർത്ഥിച്ചതിൽ പകുതിയോളം പേർ അനുകൂലമായി സഹകരിച്ചതോടെ, ഹോണ്ട മോട്ടോർ കമ്പനി എന്നു പേരിട്ട സ്ഥാപനത്തിൽ നിന്നും ആദ്യത്തെ മോട്ടോറൈസ്ഡ് സൈക്കിൾ പുറത്തിറങ്ങി.

പിന്നീടുള്ളത്  എല്ലാവർക്കുമറിയാവുന്ന ഹോണ്ടയുടെ വിജയചരിത്രം.  മോട്ടോർ സൈക്കിളും കാറും മുതൽ എയർക്രാഫ്റ്റ് വരെ നീളുന്ന ഹോണ്ട എന്ന നാമധേയം, ലോകത്തിൽ സ്ഥാനം ഉറപ്പിച്ചത്, സോയ് ചീറോ ഹോണ്ട എന്ന വ്യക്തിയുടെ, തകർച്ചയിലും തളരാത്ത മനഃസാന്ദിദ്ധ്യം ഒന്നുകൊണ്ട് മാത്രമാണ്. ഏതെങ്കിലും ഘട്ടത്തിൽ അദ്ധേഹം തളർന്നു വീണിരുന്നെങ്കിൽ 'ഹോണ്ട' എന്ന പ്രസ്ഥാനം തന്നെ ലോകത്തുണ്ടാവുമായിരുന്നില്ല !!

പ്രതിസന്ധികളിൽ പതറാത്ത, ജീവിതത്തിൽ 
വീഴ്ചയുണ്ടാവുമ്പോഴൊക്കെ, പൂർവ്വാധികം 
ശക്തിയോടെ, കുതിക്കുന്നവർക്കുള്ളതാണ് 
വിജയവും നേട്ടങ്ങളും എന്നതിന് 
അടിവരയിടുന്നതാണ് സോയ് ചിറോ 
ഹോണ്ടയുടെ ജീവിതം.

പ്രതിസന്ധികളിൽ തട്ടി വീഴുമ്പോൾ നാമിനി റോഡിലേക്ക് നോക്കാം. പ്രതിസന്ധികളെ അതിജീവിച്ച ഹോണ്ടയെ, വാഹനങ്ങളിലൂടെ ഭർശിക്കാം. 1991 ൽ സോയ് ചീറോ ഹോണ്ടയും 2013ൽ പത്നി സാചി ഹോണ്ടയും ഈ ലോകം വിട്ടു പോയെങ്കിലും അവർ കാണിച്ചു തന്ന വെളിച്ചം നമ്മുക്ക് ഊർജ്ജം നൽകട്ടെ....

ജീവിതമൊരിക്കലും പട്ടുവരവതാനി വിരിച്ച വഴികളിലൂടെയാവില്ല.  നമ്മുക്കിനിയും പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം.

ഇന്ന് 140 ൽ പരം രാജ്യങ്ങളിൽ വിൽപ്പനയുള്ള ഹോണ്ട മോട്ടോർ സൈക്കിളും കാറുകളും കാണുമ്പോൾ നാമോർക്കേണ്ടത്, വീഴുന്നതല്ല ., മറിച്ച് വീണിടത്ത് നിന്നും എഴുന്നേൽക്കാതിരിക്കുന്നതാണ് പരാജയം എന്ന സത്യമാണ്. സോയ് ചീറോ ഹോണ്ട കാണിച്ചു തന്ന സത്യം.

അക്കരെയുള്ള ആ ദേശത്തെക്കുറിച്ച്

 വിചിത്രമായ ആചാരം ആയിരുന്നു 
ആ രാജ്യത്ത് നിലനിന്നിരുന്നത്. 
ഓരോ വര്‍ഷവും ആ വര്‍ഷത്തേക്കുള്ള രാജാവിനെ തിരഞ്ഞെടുക്കും. 
എല്ലാ സുഖ സൗകര്യങ്ങളോടും അധികാരത്തോടും കൂടി ഒരു വര്‍ഷം കൊട്ടാരത്തില്‍ വാഴും! ഒരോ മാസവും ഒരു വന്‍‌തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും. സുഖലോലുപന്മാരായ രാജാക്കന്മാര്‍ നാളെയെക്കുറിച്ച് വിചാരം ഇല്ലാതെ അധികാരം ലഭിച്ചു കഴിയുമ്പോള്‍ എല്ലാം മറന്ന് രാജ്യംഭരിക്കും. 

പക്ഷെ, ഒരു വര്‍ഷം തികയുന്ന ദിവസം രാജാവിനെ പടയാളികള്‍ ചേര്‍ന്ന്, പ്രത്യേകമായി തയ്യാര്‍ ചെയ്ത തോണിയില്‍ കയറ്റി, ദൂരെയുള്ള ഏകാന്ത ദ്വീപില്‍ കൊണ്ടു ചെന്നു ഇറക്കി വിടും! രാജാവ് പത്ത് അടി വയ്യ്ക്കുന്നതിനു മുന്‍പേ, ഏതെങ്കിലും വന്യമൃഗത്തിന്റെ ഇരയാവും.
അതാണ് പതിവ്.

 പടയാളി‍കള്‍ തിരിച്ചു വരുമ്പോഴേക്കും പുതിയ രാജാവ് രാജ്യഭരണം ഏറ്റെടുക്കനുള്ള ആഘോഷങ്ങള്‍ പൂര്‍ത്തിയായിരിക്കും.
        ഈ വര്‍ഷത്തെ രാജാവിന്റെ ഊഴം ഇന്നു തീരുകയാണ്. .

    പക്ഷേ, ഇത്തവണ പതിവിനു വിപരീതമായിപുതിയതായി രാജ്യം ഭാരം ഏല്‍ക്കുവാന്‍ ആരും തയ്യാറായി മുമ്പോട്ടു വന്നിട്ടില്ല.
      
    വിളമ്പരം ചെയ്തിട്ട് പല ദിവസങ്ങളായി.

അവസാനം ഒരു സാധുവായ മനുഷ്യന്‍ സമ്മതം അറിയിച്ചു.കൊട്ടാരത്തില്‍  സന്തോഷം അലതല്ലി കിരീട ധാരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പതിവു പോലെ, മുന്‍‌രാജാവിനെ കയറ്റിയ തോണി കണ്ണീരോടെ കൊട്ടാരം വിട്ടു.
              അന്തപ്പുരത്തില്‍ നിന്നും അലമുറ ഉയര്‍ന്നു.
അങ്ങനെ പുതിയ രാജാവ് ഭരണം ആരഭിച്ചു. പക്ഷേ, വളരെ കരുതലോടെയാണ് രാജാവ് ഭരണം നടത്തിയത്.
       ആദ്യ മാസം തന്നെ, രാജ്യത്തെഏറ്റവും നല്ല വേട്ടക്കാരെ വരുത്തി. ഒരുകൂട്ടം ആയുധ ധാരികളായ പടയാളികളുടെ കൂടെ അവരെ, ആ ഏകാന്ത ദ്വീപിലേക്ക് അയച്ചു.
 ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മൃഗങ്ങളെയും കൊന്നു കളയുവാന്‍ ഒരു കല്‍പ്പനയും പുറപ്പെടുവിച്ചു. അടുത്തമാസം രാജ്യത്തെ ഏറ്റവും നല്ല മരംവെട്ടു കാരെ ആ ദ്വീപിലേക്ക് അയച്ചു. വനം മുഴുവന്‍ വെട്ടിക്കളഞ്ഞ് അവര്‍ തിരിച്ചെത്തി. അടുത്തമാസം, രാജ്യത്തെ, ഏറ്റവും നല്ല ശില്പികളെ വരുത്തി. ആ ഏകന്ത ദ്വീപില്‍ മനോഹരമായ ഒരു കൊട്ടാരവും, അനേക രമ്യ ഹര്‍മ്മ്യങ്ങളും, രാജ വീഥികളും പണിയുവാന്‍ കല്‍പ്പിച്ചു..
പിന്നിട്, പൂന്തോട്ടം നിര്‍മ്മിക്കുന്ന പ്രതിഭാധനന്മാരുടെ ഊഴമായിരുന്നു.
അഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും ആ ഭീതിജനകമായിരുന്ന ഏകാന്ത ദ്വീപ് ഒരു മനോഹര ഉദ്യാനം ആയി ത്തീര്‍ന്നു.ആ രാജ്യത്തെ ഏറ്റവും നല്ല ഒരു കൂട്ടം ആളുകളെ രാജാവ് ഇതിനകം തിരഞ്ഞെടുത്തിരുന്നു. അവരെ സർവ്വ സൗകര്യങ്ങളോടും കൂടി ആ ദ്വീപില്‍ താമസിപ്പിച്ചു.തുടര്‍ന്നുള്ള മാസങ്ങളിലെ രാജാവിന്റെ പ്രതിഫലം മുഴുവന്‍ ആ ദേശത്ത് നിക്ഷേപിച്ചു.

      എട്ടു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും, ആ ബുദ്ധിമാനായ രാജാവു പറഞ്ഞു, “ഞാന്‍ എന്റെ രാജ്യ ഭാരം ഒഴിയുവാന്‍ ഇപ്പോഴേ തയ്യാര്‍ ആണ്, എന്നെ നിങ്ങള്‍ ആ ദ്വീപില്‍ കൊണ്ടുപോയി ആക്കുന്നതില്‍ സന്തോഷമേയുള്ളൂ”

       പക്ഷേ, ജനങ്ങളുടെ നിര്‍ബന്ധം മൂലം രാജാവു ഒരു വര്‍ഷംതികച്ചു.
രാജാവിനെ കൊണ്ടുപോകുവാനുള്ള തോണി ഒരുങ്ങി. അന്നു വരെയും, എല്ലാ രാജക്കന്മാരും നിലവിളിച്ചു കൊണ്ട് മാത്രമേ തോണിയിലേക്കു കയറിയിട്ടുള്ളൂ, 

      എന്നാല്‍ ഇത് ആദ്യമായി, പുഞ്ചിരിയോടെ രാജാവ് ആ വഞ്ചിയില്‍ കയറി.
രാജാവിന്റെ മനസ്സുനിറയെ ആ ദ്വീപായിരുന്നു.
അവിടുത്തെ മനോഹര ദൃശ്യം കാണുവാന്‍ കണ്ണുകള്‍ വിടര്‍ന്നു. 
അവിടുത്തെ ശ്രേഷ്ഠന്‍ മാരുമായി ഒരുമിച്ചു ജീവിക്കാന്‍ ഉള്ളം കൊതിച്ചു.

സ്നേഹിതാ, ഒരു ദിവസം നിന്നെയും ഒരു പെട്ടിയിലാക്കി, ബന്ധുക്കള്‍ ചുമന്നു കോണ്ട് പോകും. _*അന്നു വീട്ടില്‍ നിന്നു നിലവിളി ഉയരും. വിശാലമായ ഈ ലോകത്തു നിന്നും ഇടുങ്ങിയ കുഴിയില്‍ ഇറക്കി വച്ചിട്ട് അവരെല്ലാം തിരിച്ചുപോകും. 

അക്കരെയുള്ള ആ ദേശത്തെക്കുറിച്ച് നിനക്ക്  പ്രത്യാശയുണ്ടോ??
 അവിടെ  എന്തെങ്കിലും നിക്ഷേപം ഉണ്ടോ?
അതോ സുഖ ലോലുപന്മാരായ ആ രാജാക്കന്മാരെപ്പോലെ, ബുദ്ധിഹീനമായി നാളുകള്‍ കഴിക്കുകയാണോ❓
ഒരു വിചിന്തനം അനിവാര്യം !!!

Followers